Kerala
മലപ്പുറം: സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. എടപ്പാൾ കണ്ടനക്കത്തുണ്ടായ അപകടത്തിൽ കടയിൽ നിൽക്കുകയായിരുന്ന വിജയനാണ് മരിച്ചത്.
ദാറുൽ ഹുദായ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പത്തു വിദ്യാർഥികൾക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിജയന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
International
കയ്റോ: ഗാസയില്‍ ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ അന്തിമ ചർച്ചകൾക്കായി ഈജിപ്തിലേക്ക് തിരിച്ച ഖത്തർ നയതന്ത്രജ്ഞർ വാഹനാപകടത്തിൽ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞർ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായുള്ള യാത്രയിലായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യവസ്ഥ പ്രകാരം നാളെയാണു മോചനം തുടങ്ങേണ്ടത്. 2023 ഒക്ടോബർ ഏഴിനു ഹമാസ് പിടികൂടി ബന്ദികളാക്കിയവരെയും ഇസ്രയേൽ ജയിലിൽ അടച്ച പലസ്തീൻ തടവുകാരെയുമാണ് കൈമാറുന്നത്.
Kerala
അടൂര്‍: കെപി റോഡില്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ടിവിഎസ് അംഗീകൃത സര്‍വീസ് സെന്ററില്‍ തീ പിടിത്തം. ഏകദേശം ഇരുപത്തിയഞ്ച് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് സര്‍വീസ് സെന്ററില്‍ നിന്നു തീ ഉയരുന്നതായി ഫയര്‍ ഫോഴ്സിന് സന്ദേശം ലഭിച്ചത്.
ഉടന്‍തന്നെ പത്തനംതിട്ട നിന്ന് സ്റ്റേഷന് ഓഫീസര്‍ വി. വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പ്രേമചന്ദ്രന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ആറംഗ സംഘം ഉള്‍പ്പെടുന്ന യൂണിറ്റും സ്റ്റേഷന് ഓഫീസര്‍ കെ.സി. റെജികുമാര്‍, സീനിയര്‍ ഓഫീസര്‍ വി. എം. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അടൂരില്‍ നിന്നു 11 അംഗ സംഘം ഉള്‍പ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഈ കെട്ടിടത്തിന് ഇരുവശങ്ങളിലും വീടുകളും അതിഥി സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഫ്ളാറ്റുകളും പഴങ്ങള്‍ വില്‍ക്കുന്ന കടയും ഉണ്ടായിരുന്നത് ആശങ്കപരത്തി.
പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നു സ്ഥലത്തെത്തിയ മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് അംഗീകൃത സര്‍വീസ് സെന്ററിന്റെ ഷട്ടര്‍ പൊളിച്ച് ഉള്ളില്‍ കടന്ന് മൂന്ന് വാഹനത്തില്‍ നിന്നും ഒരേ സമയം വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.
കോട്ടണ്‍ വേസ്റ്റുകളും അപ്ഹോള്‍സ്റ്ററികളും ഓയില്‍, ഗ്രീസ്, പെട്രോള്‍ ഉള്‍പ്പെടെ ഇന്ധനങ്ങളും കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് അപകടതീവ്രത വര്‍ധിപ്പിച്ചു. പുലര്‍ച്ചെ ആയിരുന്നു സംഭവം എന്നതിനാല്‍ കെപി റോഡില്‍ തിരക്ക് ഇല്ലാതിരുന്നത് അപായസാധ്യത ഒഴിവാക്കി.
കൃത്യസമയത്ത് തന്നെ ഫയര്‍ഫോഴ്സ് എത്തിയതിനാല്‍ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല. സര്‍വീസ് സെന്ററിനുള്ളില്‍ നിറഞ്ഞ കനത്ത പുകയും ഇരുട്ടും കാരണം വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സ് ഇവിടെ പ്രവര്‍ത്തിച്ചത്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്വകാര്യ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. പത്തോളം കുട്ടികള്‍ക്കു പരിക്ക്. ഇന്നു രാവിലെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം ഓടിച്ചിരുന്നത് പാറശാല എസ്എച്ച്ഒ തന്നെയെന്ന് കണ്ടെത്തൽ. എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിനു കാരണമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇയാൾക്കെതിരേ കിളിമാനൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കും. കുറ്റം തെളിഞ്ഞാൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്കു കടക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ (59) ഇടിച്ചിട്ട് കാർ നിർത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു വാഹനം തിരിച്ചറിഞ്ഞത്.
മണിക്കൂറുകളോളം ചോരവാർന്ന് റോഡിൽ കിടന്ന കൂലിപ്പണിക്കാരനായ രാജനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
തൃശൂർ: ദേശീയപാത ചെമ്പൂത്രയിൽ നിർത്തിയിട്ടിരുന്ന മിനിലോറിക്കു പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വടക്കാഞ്ചേരി തയ്യൂർ സ്വദേശി കൊള്ളന്നൂർതറയിൽ ഫ്രാൻസിസ് മകൻ ടോണിയാണ് (49) മരിച്ചത്.
ഇന്ന് പുലർച്ചെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ടയർ പഞ്ചറായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിറകിൽ ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയിൽ കുടുങ്ങിയ ടോണിയെ തൃശൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.
അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ടോണി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ദേശാഭിമാനി പത്രക്കെട്ട് വിതരണം ചെയ്യുന്ന ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത റിക്കവറി വിഭാഗവും പീച്ചി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കളമശേരി: കളമശേരി ദേശീയപാത കുസാറ്റ് ജംഷനില്‍ കാര്‍ സ്വകാര്യ ബസിലിടിച്ച് ഉണ്ടായ അപകടത്തില്‍ കാര്‍ യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് കാര്‍ ദേശീയപാതയുടെ മധ്യത്തിലേക്ക് തെന്നി നീങ്ങി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ആലുവ ഭാഗത്തു നിന്നു വന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. നിസാര പരിക്കുകളോടെ കാര്‍ യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ച് നേരം ഗതാഗതക്കുരുക്കുണ്ടായി.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ലോറിയിടിച്ചു സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയിൽ സജി ഡോമിനിക് (55) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴിനായിരുന്നു സംഭവം.
സജി സഞ്ചരിച്ച സൈക്കിളിന്റെ പിന്നിൽ വന്ന് ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ സജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് സ്കൂളിലെ മുൻ ജീവനക്കാരനായിരുന്നു സജി.
Kerala
ആലപ്പുഴ: ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ പൊട്ടിത്തെറി ശബ്ദവും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. രാവിലെ ആറേമുക്കാലോടെ ട്രെയിൻ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം.
ട്രെയിനിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതിനു പിന്നാലെ പാൻട്രി കാറിന്റെ ഭാഗത്തുനിന്നു പുക ഉയരുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തി പരിശോധിച്ചു.
ബ്രേക്ക് ബൈൻഡിംഗിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമായത്. തുടർന്ന് തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു.
Kerala
ചാവശേരി: ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്നു പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
ഇരിട്ടി ഭാഗത്തുനിന്ന് കോഴി കയറ്റി മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടിയിലേക്കുപോകുകയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിലുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു.
അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് കോഴികൾ മറ്റൊരു ലോറിയിലേക്ക് മാറ്റി. ലോറികളുടെ മുൻ ഭാഗങ്ങൾ തകർന്നു. വിവരം അറിഞ്ഞെത്തിയ മട്ടന്നൂർ പോലീസ് അപകടത്തിൽപ്പെട്ട ലോറികൾ റോഡിൽനിന്ന് നീക്കി.
Kerala
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സ്കൂൾ വാൻ കുഴിയിൽവീണ് അപകടം. വാനിലുണ്ടായിരുന്ന 31 വിദ്യാർഥികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം 32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്റ് സാന്താസ് സ്കൂളിലേക്ക് കുട്ടികളുമായി എത്തിയ സ്വകാര്യ വാൻ ആണ് താഴ്ചയിലേക്ക് വീണത്.
ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മന്ത്രി വി. ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.
റോഡിന്റെ മോശം അവസ്ഥയും കൈവരി കെട്ടാത്തതിന്റെയും പ്രശ്നമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികയായ രണ്ടാംക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളും കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.
കൊഴിഞ്ഞാമ്പാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്. പിതാവിനൊപ്പം സ്കൂളിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു നഫീസത്ത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് മറിയുകയും കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തൊട്ടുപിന്നാലെ അമിതവേഗത്തിലെത്തിയ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അത്തിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടകാരണം കണ്ടെത്താൻ പോലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.
National
ദൗസ: രാജസ്ഥാനിലെ ദൗസ ജില്ലയിലെ ബാപ്പിയില്‍ പാസഞ്ചര്‍ പിക്കപ്പ് വാനും ട്രെയ്ലര് ട്രക്കും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ 11 പേര് മരിച്ചു. 12 പേർക്ക് പരിക്കേറ്റു. തീർഥാടകര്‍ സഞ്ചരിച്ച പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്.
ദൗസ-മനോഹർപുർ ഹൈവേയില്‍ ബസ്ദി ബൈപാസ് പാലത്തിനു സമീപം പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ഖാട്ടുശ്യാംജി സന്ദർശിച്ച ശേഷം മടങ്ങിവരികയായിരുന്ന യുപി സ്വദേശികളായ തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച പിക്അപ്പ് വാൻ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു.
പത്തുപേർ സംഭവസ്ഥലത്തുതന്നെയും ഒരു സ്ത്രീ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. ഇവരിൽ ഏഴ് പേർ കുട്ടികളും മൂന്നുപേർ സ്ത്രീകളുമാണ്. ഗുരുതര പരിക്കേറ്റ ഒമ്പതു പേരെ ദൗസ ജില്ലാ ആശുപത്രിയിൽനിന്ന് ജയ്പുരിലേക്ക് കൊണ്ടുപോയി.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ജനറൽ ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം.
വട്ടിയൂർക്കാവ് സ്വദേശി ഓടിച്ചിരുന്ന കാർ നടപ്പാതയിലേക്കും തുടർന്ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കും ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരും രണ്ടുപേർ വഴിയാത്രക്കാരുമാണ്.
കാർ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടമെന്നും ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ഗുരുതര പരിക്ക്. മൂകാംബിക ദർശനം കഴിഞ്ഞ് വന്ന പോത്തൻകോട് അണ്ടൂർക്കോണം സ്വദേശികളാണ് അപകടത്തിൽപെട്ടത്.
ഒരു പുരുഷനും നാലു സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി കാർ വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരവും നാലു പേരുടെ നില ഗുരുതരവുമാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
കൊല്ലം: കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന് എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പനവേലി ഭാഗത്ത് രാവിലെ 6.45 ഓടെയായിരുന്നു അപകടം. ജോലിക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന സ്ത്രീകളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും വാഹനം ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന് നിന്നിരുന്നത്.
ഗുരുതരമായി പരിക്കേറ്റ സോണിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടി മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.
Kerala
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ
ജില്ലാ കളക്ടർ ജോൺവി.സാമുവൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്കാണ് അന്വേഷണ റിപ്പോർട്ട് കൈമാറിയത്.
അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് തലയോലപറന്പ് സ്വദേശി ബിന്ദു ആണ് മരിച്ചത്.
സംഭവത്തിൽ വ്യാപകപ്രതിഷേധമുയർന്നതിന് പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കളക്ടറോട് ആവശ്യപ്പെട്ടത്.
Kerala
കണ്ണൂര്‍: കാര്യാട്ട് തെരുവുനായ കുറുകെ ചാടിയതിനെതുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പുറം സ്വദേശി വൈഷ്ണവ്(23) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തോടെയാണ് അപകടം. സ്കൂട്ടറില്‍ പോകുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതോടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
കോഴിക്കോട്: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ ആൾ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.
ഇന്ന് രാവിലെ വൈത്തിരി സമീപത്ത് ഓറിയന്റൽ കോളജിനടുത്തെ കാട്ടിൽനിന്ന് ഇയാൾ പരിക്കുകളോടെ ഇറങ്ങിവരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ വിവരമറിയിച്ചത് അനുസരിച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ചയാണ് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വളവിന് മുകളിൽ നിന്നും ഇയാൾ കൊക്കയിലേക്ക് ചാടിയത്. ഫയർഫോഴ്സും പോലീസും പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഷഫീഖിന്റെ കാറിൽ നിന്ന് മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെടുത്തിരുന്നു. മുന്‍പും എംഡിഎംഎ കേസിൽ പ്രതിയാണിയാൾ. വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പോലീസിന്റെ കണ്ടെത്തൽ.